24 December 2024

വലിയൊരു വണ്ടി എന്ന ചിന്ത മനസിലേക്ക് വരുമ്പോള്‍ത്തന്നെ ഓടിയെത്തുന്ന പേരാണ് ടൊയോട്ട ഇന്നോവയുടേത്. അതിപ്പോള്‍ ക്രിസ്റ്റയായാലും ഹൈക്രോസായാലും മുടക്കുന്ന പണം നഷ്ട്ടം ആവില്ല. എന്നെങ്കിലും കൊടുക്കണമെന്ന് വിചാരിച്ചാല്‍ റീസെയില്‍ വാല്യൂ ഉള്ളതിനാല്‍ അധിക നഷ്ടമൊന്നും കൂടാതെ പണം ലഭിക്കും എന്നതും ഇവയുടെ പ്രത്യേകതയാണ്. രാജ്യത്ത് മിഡ്-സൈസ് എസ്യുവികള്‍ ട്രെന്‍ഡായതോടെ ഈ സെഗ്മെന്റിലെ ഇന്നോവയാവാന്‍ ജാപ്പനീസ് ബ്രാന്‍ഡ് കൊണ്ടുവന്ന മോഡലാണ് അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍. സെഗ്മെന്റിലെ കൊറിയന്‍ ആധിപത്യം തകര്‍ക്കാനായിരുന്നു ടൊയോട്ടയുടെ പദ്ധതി. അതിനായി കാത്തുവെച്ചത് സ്ട്രോംഗ് ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യയുമായിരുന്നു. സംഗതി എന്തായാലും ഹിറ്റായതോടെ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പണം വാരാന്‍ തുടങ്ങി. 27 കിലോമീറ്റര്‍ മൈലേജ് തന്നെയാണ് ഈ എസ്യുവിയുടെ പ്രധാന ഹൈലൈറ്റ് തന്നെ. ഒപ്പം മോഡേണ്‍ ഫീച്ചറുകളുടെ കിടിലന്‍ ഡിസൈനും കൂടിയാവുമ്പോള്‍ സംഗതി കളറായി.

എന്നാല്‍ ഇന്നോവയ്ക്ക് കൂട്ടായി പുതിയ 7 സീറ്റര്‍ എസ്യുവി പുറത്തിറക്കാന്‍ ടൊയോട്ട ഒരുങ്ങുന്നതായാണ് വിവരം. റൂമിയോണും ക്രിസ്റ്റയും തമ്മിലുള്ള വിടവ് നികത്തുകയെന്ന ഉദ്ദേശമായിരിക്കും ഈ സ്പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന് കമ്പനി സമ്മാനിക്കുക. ഇപ്പോള്‍ ഏവരും മനസിലോര്‍ത്ത ഹൈറൈഡറിന്റെ 7 സീറ്റര്‍ പതിപ്പിനെയാണ് വിപണിയിലെത്തിക്കാന്‍ കമ്പനി തയാറെടുക്കുന്നത്. പങ്കാളിയായ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയെ അടിസ്ഥാനമാക്കി പുത്തന്‍ സെവന്‍ സീറ്റര്‍ നിര്‍മിക്കുന്നതിന്റെ ബാക്കിപത്രമായിരിക്കും ഇത്. നിലവില്‍ ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും എങ്ങനെയാണോ അതേ തന്ത്രം തന്നെയാണ് വരാനിരിക്കുന്ന 7 സീറ്റര്‍ എസ്യുവിയിലും ഇരുകമ്പനികളും പയറ്റാന്‍ ഒരുങ്ങുന്നത്. മൂന്നുവരി ഹൈറൈഡറും മാരുതിയുടെ ഗ്ലോബല്‍ സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തന്നെയാവും പണികഴിപ്പിക്കുക.

ഒപ്പം ഇന്റീരിയറിലും ചില മാറ്റങ്ങള്‍ വരുമെന്നാണ് അനുമാനം. ADAS പോലുള്ള മോഡേണ്‍ ടെക്കുകളാല്‍ മോഡല്‍ സമ്പന്നമായിരിക്കും. മെക്കാനിക്കല്‍ വശങ്ങളും സമാനമായിരിക്കുമെന്ന് വേണം പറയാന്‍. ഹൈറൈഡര്‍ 7 സീറ്റര്‍ പതിപ്പ് 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളിലും 1.5 ലിറ്റര്‍ സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലുമാവും വാങ്ങാനാവുക. 5 സീറ്റര്‍ ഹൈറൈഡറിലേത് പോലെ ടൊയോട്ടയ്ക്ക് ഹൈബ്രിഡ് എഞ്ചിനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. പെര്‍ഫോമന്‍സ് കണക്കുകളിലേക്ക് നോക്കിയാല്‍ 1.5 ലിറ്റര്‍ NA K15C മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന് 102 bhp കരുത്തില്‍ പരമാവധി 135 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഈ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാനാവുന്നത്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ സ്‌ട്രോംഗ് ഹൈബ്രിഡ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 116 bhp കരുത്തില്‍ 141 Nm ടോര്‍ക്ക് വരെ വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ഇ-ഡ്രൈവ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വഴി ഫ്രണ്ട് വീല്‍ ഡ്രൈവായാണ് എസ്യുവി വരുന്നത്. 5 സീറ്റര്‍ പെട്രോള്‍ ഓപ്ഷന്‍ ലിറ്ററിന് 19.39 മുതല്‍ 21.12 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്. അതേസമയം ഹൈറൈഡര്‍ ഹൈബ്രിഡ് ഓപ്ഷന് ലിറ്ററിന് 27.97 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ടൊയോട്ട അവകാശപ്പെടുന്നുണ്ട്. അതേസമയം സിഎന്‍ജി പതിപ്പുകള്‍ കിലോഗ്രാമിന് 26.6 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് അവകാശവാദം. 7 സീറ്ററിലേക്ക് മാറ്റുമ്പോള്‍ ഇന്ധനക്ഷമത ചെറുതായൊന്ന് കുറയാന്‍ സാധ്യതയുണ്ട്. എങ്കിലും പരമാവധി 26 കിലോമീറ്റര്‍ വരെയെങ്കിലും നല്‍കും വിധമായിരിക്കും ട്യൂണ്‍ ചെയ്യുക. ഇപ്പോള്‍ E, S, G, V എന്നിങ്ങനെ 4 വേരിയന്റുകളിലായാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ വിപണിയിലെത്തുന്നത്. ആഭ്യന്തര വിപണിയില്‍ ഈ മിഡ്-സൈസ് എസ്യുവിക്ക് 11.14 ലക്ഷം മുതല്‍ 20.19 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ഇതില്‍ നിന്നും ചെറിയ വ്യത്യാസമായിരിക്കും വരാനിരിക്കുന്ന 7 സീറ്ററിനുണ്ടാവുക. ഇന്ത്യന്‍ വിപണിയില്‍ വിപണനത്തിന് എത്തുമ്പോള്‍ എംജി ഹെക്ടര്‍ പ്ലസ്, ടാറ്റ സഫാരി, സിട്രണ്‍ C3 എയര്‍ക്രോസ് 7 സീറ്റര്‍ , ഹ്യുണ്ടായി അല്‍കസാര്‍ എന്നിവയുമായാവും ടൊയോട്ട ഹൈറൈഡര്‍ മൂന്നുവരി പതിപ്പ് മത്സരിക്കേണ്ടി വരിക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!