വടക്കഞ്ചേരി: നവര അരിയാണ് കണ്ണമ്പ്രയിലെ യുവകർഷകനായ സ്വരൂപ് കുന്നംപുള്ളിയുടെ ബ്രാൻഡ്. പാലക്കാടൻ മട്ടയാണ് പല്ലശ്ശനയിലെ കർഷകനായ പത്മനാഭൻ ഭാസ്കരന്റെ പ്രധാന ഉത്പന്നം. ചിറ്റൂരിലെ അമ്പതോളം കർഷകരുടെ ഉത്പന്നം പാലാണ്. ഇവയെല്ലാം ‘ട്രൈ വൺസ് അഗ്രോ’ എന്ന ഓൺലൈൻ ആപ്പ് വഴി വിൽപ്പന നടത്തി സ്മാർട്ടാവുകയാണ് ഒരു കൂട്ടം കർഷകർ.
കർഷകർ തന്നെയാണ് ഓൺലൈൻ ആപ്പിന്റെ ശില്പികൾ. ഉത്പന്നങ്ങൾക്ക് വില കിട്ടുന്നില്ലെന്ന പ്രതിസന്ധിയെ എങ്ങനെ മറികടക്കാമെന്ന ചിന്തയാണ് ഓൺലൈൻ ആപ്പിലേക്ക് വഴിതുറന്നത്. എം.ടെക്കാണ് പഠിച്ചതെങ്കിലും കൃഷിയിലേക്ക് ഇറങ്ങിയവരായ സ്വരൂപ് കുന്നംപുള്ളി, ടോണി ടൈറ്റസ്, ബി.ടെകും എം.ബി.എ.യും കഴിഞ്ഞ് കൃഷിയിലേക്കു വന്ന വടവന്നൂർ സ്വദേശി പി.എസ്. അക്ഷയ്, കംപ്യൂട്ടർ എൻജിനിയറിൽനിന്ന് കൃഷിയുടെ വഴിയേ നടന്ന പത്മനാഭൻ ഭാസ്കരൻ, പല്ലശ്ശന സ്വദേശി ആർ. ഗിരീശൻ തുടങ്ങിയവരാണ് ഓൺലൈൻ ആപ്പ് എന്ന ആശയവുമായി മുന്നിട്ടിറങ്ങിയത്.
ഉപഭോക്താക്കൾക്ക് ആപ്പ് വഴി സാധനങ്ങൾ ഓർഡർ ചെയ്യാം. ഇവ വീട്ടിലെത്തും. ഇടനിലക്കാരില്ലാത്തതിനാൽ കർഷകർക്ക് മികച്ച വിലയും ഉപഭോക്താക്കൾക്ക് ഗുണമേന്മയും ഉറപ്പിക്കാം. പാൽ, നെയ്യ്, പനീർ, തൈര്, പാൽഗോവ, പീനട്ട് മിൽക്ബാർ, മാംഗോ മിൽക്ബാർ, വിവിധയിനം അരികൾ, അവിൽ, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, തേൻ തുടങ്ങിയവയാണ് നിലവിൽ ആപ്പ് വഴി ലഭിക്കുക.
പാലുത്പന്നങ്ങൾ തയ്യാറാക്കാൻ പുതുശ്ശേരി കോങ്ങാംപാറയിൽ യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. പാൽ നൽകുന്ന കർഷകന് ലിറ്ററിന് 50 രൂപ ലഭിക്കുന്നുണ്ട്. 2021 ഓഗസ്റ്റ് 18-ന് സംരംഭം തുടങ്ങുമ്പോൾ 35 പേർ മാത്രമായിരുന്നു ഉപഭോക്താക്കൾ. കൊച്ചിയിലും പാലക്കാട്ടുമായി ഇപ്പോൾ 1500 പേർ ട്രൈ വൺസ് അഗ്രോവഴി സ്ഥിരമായി ഉത്പന്നങ്ങൾ വാങ്ങുന്നുണ്ടെന്ന് കൃഷിവകുപ്പിന്റെയും യുവജനക്ഷേമബോർഡിന്റെയും മികച്ച കർഷകനുള്ള പുരസ്കാരങ്ങൾ നേടിയ സ്വരൂപ് കുന്നംപുള്ളി പറയുന്നു.
ഉത്പന്നങ്ങളുടെ പായ്ക്കറ്റിനു പുറത്ത് അതു ഉത്‌പാദിപ്പിച്ച കർഷകന്റെ പേരും ഫോൺ നമ്പറും ഉള്ളതിനാൽ ഉപഭോക്താക്കൾക്ക് നേരിട്ട് കർഷകരിൽനിന്ന് ഉത്പന്നത്തിന്റെ വിവരങ്ങൾ ചോദിച്ചറിയാം. പാൽ ചില്ലുകുപ്പിയിൽ നൽകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇതുവഴി ഇതുവരെ അഞ്ച് ലക്ഷം പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കാനായി.
പച്ചക്കറികൾ കഷണങ്ങളാക്കി കേടാകാതെ സംരക്ഷിക്കാൻ ആധുനിക സംവിധാനമായ ഓസോൺ വാഷ് നടത്തി വായുമുക്തമായി പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുകയാണ് അടുത്ത ലക്ഷ്യം. അരിയും വായുമുക്തമായി പായ്ക്ക് ചെയ്ത് സൂക്ഷിക്കും. ആപ്പിൽ കർഷകരുടെ കൃഷിയിടവും കൃഷിരീതികളും അപ്‌ലോഡ് ചെയ്ത് ഫാം ടൂറിസത്തിലേക്കാണ് സ്മാർട്ട് കർഷകരുടെ യാത്ര.