സബര്‍മതി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ എന്‍ജിനുകള്‍ പാളം തെറ്റി. ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. അജ്മീറിലെ മദര്‍ റെയില്‍വേ സ്റ്റേഷന്‍ സമീപത്ത് വച്ചാണ് സബര്‍മതി എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സബര്‍മതി എക്‌സ്പ്രസിന്റെ നാല് കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.
കൃത്യസമയത്ത് ട്രെയിനിലെ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ഇട്ടിരുന്നു. എന്നാല്‍, കൂട്ടിയടി ഒഴിവാക്കാന്‍ സാധിച്ചില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ റെയില്‍വേ ഉദ്യോഗസ്ഥര്‍ അപകട സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. പിന്നാലെ മറ്റൊരു ട്രെയിന്‍ എത്തിച്ച് യാത്ര പുനരാരംഭിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.