ഭോപ്പാൽ: പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ തട്ടി രണ്ട് പെൺകുട്ടികൾ മരിച്ചു. പത്താംക്ലാസ് വിദ്യാർഥിനികളാണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിൽ പുതുതായി സ്ഥാപിച്ച ട്രാക്കിലാണ് ദുരന്തം നടന്നത്.
ബാബ്ലി മസാരെ(17), രാധിക ഭാസ്കർ (17) എന്നിവരാണ് മരിച്ചത്. കൈലോഡ് ഹല മേഖലയിൽ െവച്ചാണ് അപകടമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് പെൺകുട്ടികളെ ട്രെയിൻ ഇടിച്ചത്. ഈ റൂട്ടിൽ ആദ്യമായാണ് ട്രെയിൻ കടന്നുപോകുന്നത്. എന്നാൽ, ഈ റൂട്ടിലെ ട്രെയിൻ ട്രയലിനെക്കുറിച്ച് കഴിഞ്ഞ രണ്ട് ദിവസമായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അധികൃതർ അറിയിച്ചു.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.ആർ.എം. രജനീഷ് കുമാർ പറഞ്ഞു. ഇതിനിടെ, സംഭവത്തെ കുറിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.