ആരാധനാലയങ്ങളില്‍ നിന്ന് വിവാഹം ഓഡിറ്റോറിയങ്ങളിലേക്ക് മാറിയിട്ട് അധികകാലമായിട്ടില്ല. എന്നാല്‍, ഇന്ന് വിവാഹങ്ങള്‍ ഓഡിറ്റോറിയങ്ങളില്‍ നിന്നും വെളിയിലേക്ക് ഇറങ്ങിയിരിക്കുന്നു. കൂടുതല്‍ പണമുള്ളവര്‍ രാജ്യത്തിന് പുറത്തേക്ക് വിവാഹാഘോഷങ്ങള്‍ മാറ്റുമ്പോള്‍ മറ്റ് ചിലര്‍ വിവാഹങ്ങള്‍ മറ്റ് വേദികളിലേക്ക് മാറ്റുന്നു. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷന്‍ വെഡിങ് സെന്‍റര്‍ ശംഖുമുഖത്ത് തുറന്നത്. ഇതിന് തൊട്ട് മുമ്പ് സ്വകാര്യ വിമാനത്തില്‍ വച്ച് നടന്ന ഒരു വിവാഹത്തിന്‍റെ വീഡിയോ ഏറെ വൈറലായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രെയിനില്‍ വച്ച് നടന്ന ഒരു വിവാഹത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
അവിസ്മരണീയമായ മുഹൂര്‍ത്തത്തിന് ആരാധനാലയങ്ങളോ അലങ്കരിച്ച വിവാഹ വേദികളോ ആവശ്യമില്ലെന്നും വിവാഹം എവിടെയാണോ അവിടം സ്വര്‍ഗ്ഗമാണെന്നും തെളിയിക്കുന്നതായിരുന്നു വീഡിയോ. ഓടുന്ന ട്രെയിനിലെ ഒരു കമ്പാര്‍ട്ട്മെന്‍റിലുള്ള എല്ലാവരും തന്നെ ആ വിവാദവേദി സമ്പന്നമാക്കി. യുവതിയുടെ തലയില്‍ വരന്‍ സിന്ദൂരമണിയിച്ചു. പിന്നാലെ താലി ചാര്‍ത്തി ഇരുവരും പരസ്പരം മാലകള്‍ കൈമാറി. ഓടിക്കൊണ്ടിരിക്കുന്ന ട്രെയില്‍ അവര്‍ തങ്ങളുടെ ജീവിത യാത്രയ്ക്കും തുടക്കം കുറിച്ചു. കൂടി നിന്നവര്‍ ആര്‍പ്പുവിളികളുമായി ദമ്പതികള്‍ക്കൊപ്പം നിന്നു. എന്നാല്‍, ഇത്തരത്തില്‍ ട്രെയിനില്‍ വച്ച് വിവാഹം കഴിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളുമായാണ് വരനും വധുവും ട്രെയിനില്‍ കയറിയത്. വിവാഹത്തിനായുള്ള മാലയും താലിയും എല്ലാം ഇവരുടെ കൈയില്‍ ഉണ്ടായിരുന്നു.
അസൻസോൾ – ജാസിദിഹ് ട്രെയിനിലാണ് ഈ അത്യപൂര്‍വ്വ വിവാഹാഘോഷം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിലര്‍ പ്രണയവിവാഹമാണെന്നും ഓളിച്ചോടിയുള്ള വിവാഹമാണെന്നും കുറിപ്പെഴുതി. “മൾട്ടി പർപ്പസ് ഇന്ത്യൻ റെയിൽവേ,” എന്നായിരുന്നു ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ‘ബജറ്റ് പരിമിതമായിരിക്കണം, അല്ലെങ്കിൽ അവർ അത് വിമാനത്തിൽ ചെയ്യും.’ എന്ന് മറ്റൊരാള്‍ തമാശ പറഞ്ഞു. “വിവാഹം കഴിക്കുന്നത് ഇത്രയ്ക്ക് എളുപ്പമായിരിക്കെ എന്തുകൊണ്ടാണ് വിവാഹമോചനത്തെ ഇത്ര വേദനാജനകമായ ഒരു പ്രക്രിയയാക്കുന്നത്. ഓടുന്ന ട്രെയിനിൽ വെച്ച് വിവാഹിതരാകാൻ ദമ്പതികൾക്ക് കഴിയുമ്പോൾ പിന്നെ എന്തിനാണ് വിവാഹമോചനത്തിന് കോടതിയെ സമീപിക്കേണ്ടത്. വിവാഹമോചനം, വിവാഹം പോലെ എളുപ്പമാക്കുക അല്ലെങ്കിൽ കഠിനമാക്കുക.’ മറ്റൊരാള്‍ കുറിച്ചു. കഴിഞ്ഞ ദിവസം ദില്ലിയില്‍ ഡെങ്കിപ്പനി പനി പിടിച്ച് ആശുപത്രിയില്‍ കിടക്കുന്ന വരനെ ആശുപത്രിയിലെത്ത് വധു വിവാഹം കഴിച്ച വാര്‍ത്ത ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.