കൊച്ചി: തൃപ്പൂണിത്തുറയിൽ പത്ത് വയസ്സുകാരനെ മർദിച്ചതായി പരാതി. കളിക്കുന്ന സമയത്ത് തൊട്ടടുത്ത വീട്ടിലേക്ക് വീണ പന്തെടുക്കാൻ പോയ സമയത്താണ് കുട്ടിയെ മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. കുട്ടിയെ പട്ടിക കൊണ്ടാണ് അടിച്ചതെന്നും പറയുന്നു. മർദനത്തിൽ കുട്ടിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. തൃപ്പൂണിത്തുറ സ്വദേശി നവീനാണ് മർദനമേറ്റത്. അതേ സമയം, കുട്ടി മതിൽ ചാടിയപ്പോൾ പരിക്കേറ്റതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സിസിടിവിയിൽ അടിക്കുന്ന ദൃശ്യങ്ങൾ ഇല്ലെന്ന് പോലീസ് കൂട്ടിച്ചേർത്തു. ഇന്നലെയാണ് സംഭവം നടന്നത്. ഇന്ന് വീട്ടുടമസ്ഥനെ വിളിച്ച് വരുത്തി മൊഴിയെടുക്കുമെന്ന് മരട് പോലീസ് അറിയിച്ചു.