തൃശൂര്‍: വിവിധ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസിലെ പ്രതിയെ ഒല്ലൂര്‍ പൊലീസ് പിടികൂടി. ഇരവിമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ഇരവിമംഗലം മച്ചിങ്ങല്‍ ക്ഷേത്രം, ഇളംതുരുത്തി കൊട്ടേക്കട്ട് പറമ്പില്‍ കുടുംബ ക്ഷേത്രം എന്നിവിടങ്ങളില്‍ മോഷണം നടത്തിയ കേസിലെ പ്രതി അസം സ്വദേശി ജിഹിറുള്‍ ഇസ്ലാം (24) എന്നയാളെയാണ് ഒല്ലൂര്‍ പൊലീസ് പിടികൂടിയത്. മച്ചിങ്ങല്‍ ക്ഷേത്രത്തില്‍ നിന്ന് രണ്ടും ഇരവിമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്ന് ഒന്നും കൊട്ടേക്കാട്ട് പറമ്പില്‍ കുടുംബ ക്ഷേത്രത്തില്‍ നിന്ന് പണവും രണ്ട് വിളക്കുകളുമാണ് പ്രതി മോഷ്ടിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിന്നീട് ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിന്നീടുള്ള അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ഒല്ലൂര്‍ എ.സി.പി. എസ്.പി. സുധീരന്റെ നിര്‍ദേശാനുസരണം ഒല്ലൂര്‍ എസ്.എച്ച്.ഒ. ടി.പി. ഫര്‍ഷാദിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. ജീസ് മാത്യു, എസ്.ഐ. ക്ലിന്റ് മാത്യു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.