തിരുവനന്തപുരം: മരണശേഷവും നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാന്‍ വേണ്ടിയുളള ശ്രമമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രശാന്തന്റേത് വ്യാജപരാതിയാണെന്നും അയാളുടെ ഒപ്പും വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു. അയാള്‍ പാട്ടക്കരാറിനുവേണ്ടി കൊടുത്ത ഒപ്പും എന്‍.ഒ.സി.ക്കുവേണ്ടി കൊടുത്ത ഒപ്പും ഒന്നാണ്. പക്ഷേ, മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയിലെ ഒപ്പ് വേറെയാണ്. പരാതി എ.കെ.ജി.സെന്ററിലാണ് തയ്യാറാക്കിയത്. യഥാര്‍ഥത്തില്‍ ഈ കേസിന്റെ കാരണങ്ങള്‍ ചികഞ്ഞുപോയാല്‍ അത് എ.കെ.ജി. സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ചെന്നെത്തുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്നത് ഈ മാസം പതിനഞ്ചാം തീയതിയാണ്. കേരളത്തിലെ മുഖ്യമന്ത്രി ഇതു സംബന്ധിച്ച് പ്രതികരിച്ചത് ബുധനാഴ്ചയും. അദ്ദേഹം എട്ടു ദിവസം മൗനത്തിലായിരുന്നു. ഈ സര്‍ക്കാരിലെ പ്രധാനപ്പെട്ട ഒരു ഉദ്യോഗസ്ഥന് സ്വന്തം ജില്ലയില്‍വെച്ച്, സ്വന്തം പാര്‍ട്ടിക്കാര്‍ കാരണം ദൗര്‍ഭാഗ്യകരമായ ഒരു അന്ത്യം ഉണ്ടായിട്ടും മുഖ്യമന്ത്രി മൗനത്തില്‍ ഒളിക്കുകയായിരുന്നു. നവീന്റെ വീട് സന്ദര്‍ശിച്ച പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ പാര്‍ട്ടി അവരുടെ കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞു. കുടുംബത്തോട് ഒപ്പമാണെന്ന് പറയുകയും വേട്ടക്കാരോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന നിലപാടാണ് സി.പി.എമ്മും ഗവണ്‍മെന്റും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പരാതി പരിഹാര സെല്ലില്‍ ഇങ്ങനെ ഒരു പരാതി കിട്ടിയിട്ടുണ്ടോ? ഇ മെയിലിലോ നേരിട്ടോ കിട്ടിയിട്ടുണ്ടോ? അങ്ങനെയെങ്കില്‍ അതിന് എന്താണ് തെളിവ്. നമുക്ക് ഇപ്പോള്‍ എല്ലാം വ്യക്തമായി. ഈ പരാതി മരണശേഷം അഴിമതിക്കാരനാക്കി അദ്ദേഹത്തെ അപമാനിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും പാര്‍ട്ടിയുടെയും അനുമതിയോടുകൂടി മനപ്പൂര്‍വ്വം കെട്ടിച്ചമച്ച ഒന്നാണ്-അദ്ദേഹം ചൂട്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് ഈ മരണത്തിനു പിറകിലും മരണശേഷം നടന്ന അതിനേക്കാള്‍ കഠിനമായ കാര്യങ്ങളുടെയും പിറകിലുമുള്ളത്. പി.പി. ദിവ്യയെ പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പിന്നെ എങ്ങനെ എം.വി.ഗോവിന്ദനും പിണറായി വിജയനും നവീന്റെ കുടുംബത്തോടൊപ്പമാണെന്ന് പറയാന്‍ കഴിയും. വേട്ടക്കാരെ മുഴുവന്‍ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘത്തിന് വേണ്ടപ്പെട്ടവരാണ് ഈ കേസിലെ പ്രതികള്‍. അവരെ ഇപ്പോഴും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടില്ല.
അവര്‍ വ്യാഴാഴ്ച എന്താണ് മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി കോടതിയില്‍ പറഞ്ഞത്? നവീന്‍ അഴിമതിക്കാരനാണ്. ഞാന്‍ അഴിമതിക്ക് എതിരെയാണ് ശബ്ദിച്ചത് എന്നാണ്. നവീന്‍ ബാബുവിനെ അഴിമതിക്കാരനാക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിനുവേണ്ടി കോടതിയില്‍ വാദിക്കുന്നു. പാര്‍ട്ടിക്കാരിയായ അവര്‍ നവീന്റെ കുടുംബത്തെ അപമാനിക്കുകയാണ്. എന്നിട്ട് അവരെ മുഖ്യമന്ത്രിയും പാര്‍ട്ടിയും സംരക്ഷിക്കുകയാണ്. ഇത് ഇരട്ടത്താപ്പാണ്. കുടുംബത്തോടൊപ്പമാണെന്ന് പറയുകയും സ്വന്തം പാര്‍ട്ടിക്കാരിയെക്കൊണ്ട് നവീന്‍ അഴിമതിക്കാരനാണെന്ന് ഇപ്പോഴും ഉറക്കെ വിളിച്ചു പറയിപ്പിക്കുകയുമാണ് ചെയ്യുന്നത്.
അഴിമതിക്ക് എതിരായ വിമര്‍ശനമാണ് ദിവ്യ നടത്തിയതെങ്കില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനും പട്ടും വളയും കൊടുത്ത് അവരെ സ്വീകരിക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. എന്ത് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നവീന്റെ കുടുംബത്തെയും സത്യസന്ധനായ ആ മനുഷ്യനെയും അപമാനിക്കുകയും കബളിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ് സി.പി.എമ്മും ഗവണ്‍മെന്റുംകൂടി ചെയ്യുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.