കണ്ണൂര്‍: നിപ രോഗലക്ഷണങ്ങളോടെ കണ്ണൂരില്‍ രണ്ട് പേര്‍ ചികിത്സയില്‍. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബിലേക്ക് അയക്കും. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാവു. മട്ടന്നൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ തുടരുന്നത്.
ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രണ്ട് പേരുടെ സ്രവം പരിശോധനക്കയച്ചു. കണ്ണൂര്‍ താണയിലെ പഴക്കടയിലെ ജീവനക്കാരാണ് ഇരുവരും
നേരത്തെ കഴിഞ്ഞ മാസം മലപ്പുറത്ത് 14കാരന് നിപ സ്ഥിരീകരിക്കുകയും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ നിപ മുക്തമായി പ്രഖ്യാപിച്ചത്.
ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും പട്ടികയില്‍ നിന്നും ഒഴിവാക്കി. ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു.