ടയര്‍ കമ്പനികള്‍ക്ക് രണ്ടാഴ്ചക്കുള്ളില്‍ റബര്‍ ഇറക്കുമതി സാധ്യമാകുമെന്ന് പുതിയ റിപ്പോര്‍ട്ട്. കണ്ടെയ്‌നറുകള്‍ ലഭ്യമായി തുടങ്ങിയതോടെയാണ് ജൂലൈ അവസാനത്തോടെ റബര്‍ ഇറക്കുമതി ചെയ്യാന്‍ സാധിക്കും എന്നാണ് കരുതുന്നത്. ചൈന കണ്ടെയ്‌നറുകളും കപ്പലുകളും വലിയതോതില്‍ ബുക്ക് ചെയ്തതിനാല്‍ കഴിഞ്ഞ രണ്ടുമാസക്കാലമായി ടയര്‍ കമ്പനികള്‍ക്ക് രാജ്യത്തേക്ക് റബര്‍ ഇറക്കുമതി ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ രാജ്യത്തെ റബ്ബര്‍ വില 200 കടന്നിരുന്നു. സംസ്ഥാനത്ത് പലസ്ഥലങ്ങളിലും 200 മുതല്‍ 208 രൂപ വരെയായിരുന്നു റബര്‍ വില.
രാജ്യാന്തര മാര്‍ക്കറ്റില്‍ നിന്നും ചരക്ക് എത്തിക്കാന്‍ സാധിക്കാതായതോടെ ആഭ്യന്തര റബറിന്റെ വില ഇടിക്കാനുള്ള ടയര്‍ കമ്പനികളുടെ തന്ത്രങ്ങള്‍ നടപ്പിലായില്ല. കൂടാതെ ജൂണ്‍ മാസത്തില്‍ കനത്ത മഴയായതിനാല്‍ പല തോട്ടങ്ങളിലും ടാപ്പിംഗ് കാര്യമായി നടന്നില്ല. കര്‍ഷകരുടെ കൈയില്‍ ഉണ്ടായിരുന്ന ചരക്ക് മെയ്, ജൂണ്‍ മാസങ്ങളില്‍ പൂര്‍ണ്ണമായും വിപണിയിലേക്ക് എത്തിയിരുന്നു. അതിനാല്‍ പ്രാദേശികമായും ടയര്‍ കമ്പനികള്‍ക്ക് ആവശ്യമായ ചരക്ക് ലഭ്യമായിരുന്നില്ല. ഇതോടെ സംസ്ഥാനത്ത് റബര്‍ വില കഴിഞ്ഞ ഒരു മാസമായി 200ന് മുകളില്‍ തന്നെയായിരുന്നു.
കണ്ടെയ്‌നറുകള്‍ ലഭ്യമായി തുടങ്ങിയാല്‍ ടയര്‍ കമ്പനികള്‍ക്ക് രാജ്യാന്തര വിപണിയില്‍ നിന്നും കൂടുതല്‍ ചരക്ക് എത്തിക്കാന്‍ സാധിച്ചേക്കും. രാജ്യാന്തര വിപണിയിലും രണ്ടാഴ്ചയ്ക്കു മുന്‍പ് റബര്‍ വില 200 ന് മുകളില്‍ ആയിരുന്നു എങ്കിലും പിന്നീട് വില കുറഞ്ഞിരുന്നു. റബര്‍ ഇറക്കുമതി സജീവമാകുന്നതോടെ ടയര്‍ കമ്പനികളുടെ ക്ഷാമം തീരും. എന്നാല്‍ ഇത് ചിലപ്പോള്‍ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി മാറിയേക്കും.
ചരക്ക് ക്ഷാമം രൂക്ഷമായതിനാല്‍ ഇറക്കുമതി വര്‍ധിച്ചാലും റബറിന്റെ വില കുറയില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ റബര്‍ ഇറക്കുമതി കൂടുകയും റബ്ബര്‍ തോട്ടങ്ങള്‍ പഴയതുപോലെ സജീവമായി കൂടുതല്‍ ചരക്കുകള്‍ ലഭ്യമാവുകയും ചെയ്താല്‍ വിലകുറയുമോ എന്ന ആശങ്കയും വ്യാപാരികള്‍ പങ്കുവെക്കുന്നുണ്ട്.
നിലവില്‍ ആര്‍എസ്എസ് ഫോറിനെ 208 രൂപ വരെ സംസ്ഥാനത്തു ലഭിക്കുന്നുണ്ട്. റബ്ബര്‍ ബോര്‍ഡിന്റെ കണക്ക് പ്രകാരം 206 രൂപയാണ് ആര്‍എസ്എസ് 4 റബറിന്റെ വില. എന്നാല്‍ ബാങ്കോക്കില്‍ വിലയിടിഞ്ഞ് നിലവില്‍ 164 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര- ആഭ്യന്തര വിലയില്‍ 40 രൂപയുടെ വ്യത്യാസമാണ് നിലവിലുള്ളത്.