ലണ്ടൻ: വിദേശ വിദ്യാർഥികൾ യു.കെയിലേക്ക് ആശ്രിതരെ കൊണ്ടുവരുന്നതിൽ വിസ നിയന്ത്രണം ഇന്ന് മുതൽ കടുപ്പിക്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവർലി. യു.കെയിൽ പഠിക്കാൻ വരുന്ന വിദേശ വിദ്യാർഥികളുടെ ആശ്രിതരുടെ എണ്ണം എട്ട് മടങ്ങ് വർദ്ധിച്ചതോടെ കഴിഞ്ഞ വർഷം ഉയർന്ന മൂല്യമില്ലാത്ത സർക്കാർ ബിരുദ പ്ലാനുകൾ നിർത്തലാക്കിയിരുന്നു.
വിദേശ വിദ്യാർഥികൾ പഠനം പൂർത്തിയാക്കുന്നത് വരെ പഠന വിസയിൽ നിന്ന് ജോലി വിസയിലേക്ക് മാറുന്നത് തടയും. വിസ ദുരുപയോഗം തടയുന്നതിനായാണിത്. കുടിയേറ്റക്കാരുടെ എണ്ണം ആയിരത്തിൽ പത്തായി ചുരുക്കാനാണ് സർക്കാർ തീരുമാനമെന്ന് ക്ലെവർലി പറഞ്ഞു. ഇതിലൂടെ യു.കെയിലേക്ക് അനിയന്ത്രിതമായി വരുന്ന 30,000 കുടിയേറ്റക്കാരെ തടയാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
2022 ഡിസംബർ 22 വരെ 7,45,000 കുടിയേറ്റക്കാരാണ് യു.കെയിൽ എത്തിയത്. വർഷാവസാനത്തിൽ 2023 സെപ്റ്റംബർ വരെ 1,52,980 വിസകളാണ് വിദ്യാർഥികളുടെ ആശ്രിതർക്ക് നൽകിയത്. 2020-21ലെ കണക്ക് പ്രകാരം യു.കെ യൂനിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യക്കാർക്ക് രണ്ടാം സ്ഥാനമാണ്. 99,965 എന്റോള്മെന്റുകളോടെ ചൈന ഒന്നാം സ്ഥാനത്തും 87,045 എന്റോള്മെന്റോടെ ഇന്ത്യ തൊട്ട് പുറകിലുമുണ്ട്.
വിദേശ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 2022 ൽ യു.കെയിലേക്ക് പോയ വിദ്യാർഥികളുടെ മാത്രം എണ്ണം 1,39,539 ആണ്. ഈ നിയന്ത്രണം മറ്റു രാജ്യങ്ങളിലേക്കുള്ള വിദ്യാർഥികളുടെ തള്ളിക്കയറ്റത്തിന് കാരണമായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. യു.കെ സമ്പദ് വ്യവസ്ഥയിലേക്ക് വിദേശ വിദ്യാർഥികൾ പ്രതിവർഷം 35 ബില്യൺ പൗണ്ട് ആണ് കൂട്ടിച്ചേർക്കുന്നത്.