കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ മെഗാ നൃത്തപരിപാടിക്കിടെ സ്‌റ്റേജിൽനിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എം.എൽ.എ ആളുകളെ തിരിച്ചറിയുകയും നിർദ്ദേശങ്ങൾ പാലിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. ഇതോടെ തലയുടെ പരിക്ക് സംബന്ധിച്ച ആശങ്ക ഒഴിവായി. ശ്വാസകോശത്തിന്റെ സ്ഥിതിയിലും പുരോഗതിയുണ്ടെന്ന് റിനൈ മെഡ്സിറ്റി അറിയിച്ചു.
ഇന്നലെ രാവിലെ അടുത്തെത്തിയ മക്കൾക്ക് ഉമ പുതുവർഷ ആശംസ അറിയിച്ചു. ആശുപത്രി മെഡിക്കൽ ഡയറക്‌ടർ ഡോ. കൃഷ്‌ണനുണ്ണി പോളക്കുളത്തിനെ തിരിച്ചറിഞ്ഞു. പരിചയമുള്ളവരെ തിരിച്ചറിയുന്നത് ശുഭലക്ഷണമാണെന്ന് കൃഷ്‌ണനുണ്ണി പറഞ്ഞു. ഇടയ്‌ക്കിടെ സ്വയം ശ്വാസമെടുക്കാൻ കഴിയുന്നുണ്ട്. പൂർണമായി ശ്വസിക്കാൻ കഴിയുന്നതുവരെ വെന്റിലേറ്ററിൽ തുടരും. ഇന്നലെ രാവിലെ എക്‌സ്റേ പരിശോധനയിൽ ശ്വാസകോശത്തിന്റെ സ്ഥിതി മെച്ചപ്പെട്ടു. സർക്കാർ നിയോഗിച്ച മെഡിക്കൽ സംഘം സ്ഥിതിഗതികൾ വിലയിരുത്തി.