24 December 2024

2060കളുടെ തുടക്കത്തില്‍ ഇന്ത്യയിലെ ജനസംഖ്യ 170 കോടി ആകുമെന്ന് യുനൈറ്റഡ് നാഷന്‍സ് റിപ്പോര്‍ട്ട്. ഇത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ജനസംഖ്യനിരക്കായിരിക്കുമെന്നും എന്നാല്‍ പിന്നീട് ഗണ്യമായി കുറയുമെന്നും യുനൈറ്റഡ് നാഷന്‍സ് കരുതുന്നു. പിന്നീടത് 12 ശതമാനം കുറയും. എന്നാലും ഈ നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ തുടരുകയും ചെയ്യും. ജനസംഖ്യ നിരക്കില്‍ 2023ലാണ് ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാമതെത്തിയത്.

വ്യാഴാഴ്ചയാണ് യുഎന്‍ വേള്‍ഡ് പോപുലേഷന്‍ പ്രോസ്പെക്റ്റ്സ് പുറത്തുവിട്ടത്. വരുന്ന 50-60 വര്‍ഷങ്ങളില്‍ ലോകജനസംഖ്യ വര്‍ധിക്കുന്നത് തുടരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2080 പകുതി ആകുന്നതോടെ ലോകജനസംഖ്യ 1030 കോടിയാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2024ല്‍ 820 കോടിയാണ് ലോകജനസംഖ്യ. 2080ല്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ ശേഷം പിന്നീട് ജനസംഖ്യ ഗണ്യമായി കുറയും. നൂറ്റാണ്ട് അവസാനിക്കുന്നതോടെ ലോകജനസംഖ്യ 1020 കോടിയായി കുറയുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 2100വരെ ഇന്ത്യ ലോകജനസംഖ്യയില്‍ ഒന്നാംസ്ഥാനത്ത് തുടരും.

2024ല്‍ ഇന്ത്യയിലെ ജനസംഖ്യ 145 കോടിയായി ഉയരും. 2054 ആകുന്നത് ജനസംഖ്യ കുത്തനെ വര്‍ധിച്ച് 169 കോടിയാകും. 2100 ആകുന്നതോടെ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയായി കുറയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ തുടരും. 2024ല്‍ ചൈനയിലെ ജനസംഖ്യ 141 കോടിയാകുമെന്നാണ് കണക്കുകൂട്ടുന്നത്. അത് 2054 ആകുന്നതോടെ 121 കോടിയായി കുറയും. 2100 ആകുന്നതോടെ ജനസംഖ്യ കുത്തനെ ഇടിഞ്ഞ് 63.3 കോടിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!