കൊച്ചി: സമ്മര്‍ദ്ദം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല എന്നാണ് ബംഗാളി നടി ശ്രീലേഖ മിത്ര ഫേസ്ബുക്കില്‍ കുറിച്ചത്.സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്ന് നടി.
വെള്ളിയാഴ്ച തന്റെ ജന്മദിനം ആഘോഷിക്കാനോ ആശംസകള്‍ സ്വീകരിക്കാനോപോലും ഇഷ്ട്ടപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു. കുറച്ച് ദിവസത്തേക്ക് ഫേസ്ബുക്ക് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു… എല്ലാറ്റില്‍നിന്നുമൊഴിഞ്ഞ് ഒരു ഇടവേളയെടുക്കാന്‍ ആഗ്രഹിക്കുകയാണ്, ഞാന്‍ താരമല്ല… കലാകാരിയാണ് അതുകൊണ്ടുതന്നെ ലോലമനസാണ് എനിക്കെന്നും അവര്‍ പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ ശ്രീലേഖയുടെ പോസ്റ്റിന് താഴെ സുഹൃത്തുക്കളും ആരാധകരും പൂര്‍ണ്ണ പിന്തുണയുമായി എത്തി. ധൈര്യം കൈവിടരുതെന്നും നിങ്ങളാണ് പലരുടെയും ശക്തിയെന്നും പോസ്റ്റിന് താഴെ കമന്റുകള്‍ എത്തി. സമൂഹത്തില്‍ നിന്ന് മാറിനില്‍ക്കരുതെന്നും ഇവിടെ നിന്നുകൊണ്ടുതന്നെ നിങ്ങളുടെ പോരാട്ടം തുടരണമെന്നും ചിലര്‍ കുറിച്ചു.
പതിനഞ്ച് വര്ഷം മുന്‍പ് രഞ്ജിത്ത് സംഭവം സൃഷ്ട്ടിച്ച നഷ്ടത്തെക്കാള്‍ വലിയ നഷ്ടമാണ് ബംഗാളിസിനിമാമേഖലയില്‍ നിന്ന് താന്‍ നേരിട്ടുകൊണ്ടിരിക്കുന്നതിന് കഴിഞ്ഞദിവസം ശ്രീലേഖ കുറിച്ചിരുന്നു. നടിയുടെ വെളിപ്പെടുത്തലോടെ രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു.