26 December 2024

തിരുവനനന്തപുരം: മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകാൻ കാരണം പുലിമുട്ട് നിർമ്മാണങ്ങളിലെ പോരായ്മകളെന്ന് വിദഗ്ധ സമിതി. തെക്കൻ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും പൂനെ സിഡബ്ല്യുപിആർഎസ്(cwprs) ശുപാർശ ചെയ്തു. മത്സ്യതൊഴിലാളികളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും സർക്കാറിന്റെ അന്തിമ തീരുമാനം.

അറുപതിലധികം മത്സ്യതൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയിലെ വില്ലൻ അശാസ്ത്രീയ നിർമാണം തന്നെ. അപകടങ്ങൾ തുടർക്കഥയായതോടെ കഴിഞ്ഞ ഒക്ടോബറിലാണ് പൂനെ സിഡബ്ല്യുപിആർഎസിനെ മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ചത്. മൺസൂൺ, പോസ്റ്റ്മൺസൂൺ സീസണകുൾ പഠിച്ചതിന് ശേഷമാണ് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയത്. പുലിമുട്ടുകളുടെ നിലവിലെ അലൈന്മെന്റിൽ പോരായ്മകളുണ്ടെന്നാണ് പ്രധാന കണ്ടെത്തൽ. നിലവിലെ അലൈന്റ്മെന്റ് തുടർന്നാൽ, മൺസൂൺ കാലത്ത് അപകടം ഉറപ്പാണെന്നും റിപ്പോർട്ടിലുണ്ട്. പരിഹാര നിർദ്ദേശങ്ങൾ ഇതൊക്കെയാണ്.

പെരുമാതുറ ഭാഗത്തുള്ള പുലിമുട്ടിന്റെ നീളം കൂട്ടണം. ഇത് പിന്നീട് വടക്ക് പടിഞ്ഞാറ് ഭാഗത്തോട്ടായി170 മീറ്റർ ദൂരത്തോളം വളച്ചെടുക്കണം. അത് അഴിമുഖത്തേക്കുള്ള പ്രവേശനകവാടമാക്കണം. അഴിമുഖത്ത് മണ്ണടിയുന്നതും, വള്ളങ്ങൾ ഒഴുക്കിൽപ്പെടുന്നതും തടയാൻ ഇത് സഹായിക്കുമെന്നാണ് CPWRSന്റെ നിർദ്ദേശം. പുതിയ രൂപരേഖയിൽ കഴിഞ്ഞ ദിവസം, ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ് മത്സ്യതൊഴിലാളികളുമായി ചർച്ച നടത്തിയിരുന്നു.

മൺസൂൺ കാലത്ത് വടക്ക് ഭാഗത്ത് നിന്നുള്ള തിരയെ പ്രതിരോധിക്കാൻ പുതിയ അലൈന്മെന്റിനും സാധിക്കില്ലെന്ന് ചിലർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അശാസ്ത്രീയനിർമ്മാണമാണ് മുതലപ്പൊഴിയെ മരണപ്പൊഴിയാക്കുന്നതെന്ന മത്സ്യത്തൊഴിലാളികളുടെ വാദം ശരിവെക്കുന്നുവെന്നും വിദഗ്ധസമിതി മത്സ്യതൊഴിലാളികളുടെ അഭിപ്രായങ്ങളും ഹാർബർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശങ്ങളും സിഡബ്ല്യുപിആർഎസിനെ അറിയിക്കും. ഇതിന് ശേഷമമാകും അലൈന്മെന്റിൽ അടക്കം അന്തിമ തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!