ദില്ലി: മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-In). ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെടുന്ന സൈബര്‍ ഭീഷണിയാണ് എഡ്ജില്‍ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. എഡ്ജ് ബ്രൗസറിലെ പിഴവുകള്‍ മുതലെടുത്ത് റിമോട്ടായി ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയേക്കാം എന്ന് സെര്‍ട്ട്-ഇന്‍ പുറത്തിറക്കിയ മുന്നറിയിപ്പില്‍ വിശദീകരിക്കുന്നു. ക്രോമിയം അടിസ്ഥാനത്തിലുള്ള എഡ്ജ് പ്ലാറ്റ്‌ഫോമിലാണ് പ്രശ്നം കണ്ടെത്തിയിരിക്കുന്നത്.
മൈക്രോസോഫ്റ്റ് എഡ്ജ് 129.0.2792.79ന് മുമ്പുള്ള സോഫ്റ്റ്വെയറുകളെയാണ് പ്രശ്നം ബാധിക്കുക. ഏറ്റവും പുതിയ 129.0.2792.79 വേര്‍ഷന്‍ അപ്ഡേറ്റില്‍ മൈക്രോസോഫ്റ്റ് ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. പ്രശ്നം ബാധിക്കാതിരിക്കാന്‍ എഡ്ജിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ കമ്പ്യൂട്ടറിലുണ്ട് എന്ന് ഉറപ്പാക്കുക.
സുരക്ഷാ പിഴവ് നിലനില്‍ക്കുന്നതായി ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് അടുത്തിടെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കിയിരുന്നു. 2024 സെപ്റ്റംബര്‍ 26-ന് പുറത്തിറക്കിയ സിഇആര്‍ടി-ഇന്നിന്റെ നോട്ടിലാണ് ക്രോമിലെ പ്രശ്നങ്ങളെ കുറിച്ച് പറയുന്നത്. ഗൂഗിള്‍ ക്രോമില്‍ ഒന്നിലധികം സുരക്ഷാ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഉപയോക്താക്കള്‍ക്ക് ഗുരുതരമായ ഭീഷണിയുയര്‍ത്തും എന്നുമായിരുന്നു മുന്നറിയിപ്പില്‍ പറയുന്നത്. ഈ പിഴവുകള്‍ മുതലാക്കി ഹാക്കര്‍മാര്‍ക്ക് സിസ്റ്റം ക്രാഷ് ചെയ്യാനാകും. ഗൂഗിള്‍ ക്രോം ബ്രൗസറില്‍ ഈ പിഴവ് പരിഹരിക്കുന്ന ഒരു അപ്ഡേറ്റ് ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്.
ഐഫോണുകള്‍ ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉപകരണങ്ങളില്‍ സുരക്ഷാ പ്രശ്നം നിലനില്‍ക്കുന്നതായും അടുത്തിടെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐഒഎസ് 18, ഐഒഎസ് 17.7 എന്നിവയ്ക്ക് മുമ്പുള്ള സോഫ്റ്റ്വെയര്‍ പതിപ്പുകള്‍ ഉപയോഗിക്കുന്ന ഐഫോണുകള്‍ക്കും, ഐപാഡ്ഒഎസ് 18, 17.7 എന്നിവയ്ക്ക് മുമ്പുള്ള ഐപാഡ്ഒഎസ് പതിപ്പുകള്‍ക്കും, പഴയ മാക്ഒഎസിലുള്ള മാക് ഡിവൈസുകള്‍ക്കും, വാച്ച്ഒഎസ് 11ന് മുമ്പുള്ള ആപ്പിള്‍ വാച്ചുകള്‍ക്കുമായിരുന്നു മുന്നറിയിപ്പ്.