ഉത്തരകാശി :17 ദിവസം മരണത്തെ മുഖാമുഖം കണ്ടുള്ള ഒറ്റപ്പെടലിനും ആശങ്കകൾക്കും ഒടുവിൽ രാജ്യത്തിന്റെയാകെ പ്രാർഥന സഫലമാക്കി സിൽക്യാര രക്ഷാദൗത്യം വിജയം. മൂന്ന് ണലിൽ കുടുങ്ങിയ 41 തൊഴിലാളികളെ മണിക്കൂറുകൾക്കുള്ളിൽ പുറത്തെത്തിക്കും. അവശിഷ്ടങ്ങളുടെ തുരക്കൽ അവസാനിച്ചു. ഇനി അവശിഷ്ടങ്ങൾ നീക്കി രക്ഷാകുഴൽ അവിടേക്ക് എത്തിച്ച് തൊഴിലാളികളെ പുറത്തെത്തിച്ചാൽ മതി. ദൗത്യം വിജയകരമെന്ന് അധികൃതർ അറിയിച്ചു. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള സ്ട്രെച്ചറുകളുമായി ദുരന്തനിവാരണ സേനാംഗങ്ങൾ തുരങ്കത്തിന് അകത്തേക്ക് കയറി. തൊഴിലാളികളെ പുറത്തെത്തിച്ചാൽ ഉടനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസുകൾ പുറത്തെത്തി. തുരങ്കത്തിൽ കുടുങ്ങിയവരുടെ ബന്ധുക്കളോട് തയാറായിരിക്കാൻ രക്ഷാപ്രവർത്തകർ നിർദേശം നൽകി. ‘അവരുടെ വസ്ത്രങ്ങളും ബാഗുകളും തയാറാക്കി വയ്ക്കൂ’ എന്നാണ് അധകൃതർ തുരങ്കത്തിനു പുറത്ത് കാത്തുനിൽക്കുന്ന ബന്ധുക്കളോട് പറഞ്ഞത്. പുറത്തെത്തിച്ച ഉടനെ തന്നെ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അറിയിച്ചു. തൊഴിലാളികളെ കാണാനായി ക്ഷമയോടെ കാത്തിരിക്കുകയാണ് ബന്ധുക്കൾ. അതേസമയം മലയുടെ മുകളിൽനിന്ന് താഴേക്ക് കുഴിക്കുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്. 86 മീറ്റർ കുഴിക്കേണ്ടതിൽ 40 ശതമാനം പൂർത്തിയായി. 36 മീറ്റർ ഇതുവരെ കുഴിക്കാനായെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മെംബർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) സയീദ് അത ഹസ്നൈൻ പറഞ്ഞു. തുരങ്കത്തിലൂടെ കുഴൽ കടത്താനുള്ള ശ്രമം പരാജയപ്പെട്ടാൽ ഈ വഴിയിലൂടെ തൊഴിലാളികളിലേക്ക് എത്തുകയാണ് ലക്ഷ്യം. അതേസമയം മഴ പെയ്യാനും തണുപ്പ് കൂടാനുള്ള സാഹചര്യം ഉള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാകാനുള്ള സാധ്യതയും നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുഴലിൽ വെള്ളിയാഴ്ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം ഇന്നലെ രാവിലെ പുറത്തെടുക്കാൻ സാധിച്ചതാണ് ദൗത്യത്തിനു പുതുജീവനേകിയത്. പിന്നാലെ കുഴലിലൂടെ നിരങ്ങിനീങ്ങിയ രക്ഷാപ്രവർത്തകർ തുരങ്കത്തിൽ അടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പും സ്റ്റീൽ പാളികളും ഗ്യാസ് കട്ടർ ഉപയോഗിച്ചു നീക്കം ചെയ്യാൻ തുടങ്ങി. മണിക്കൂറുകൾ അധ്വാനിച്ച് ഏതാനും ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കിയശേഷം ഇവർ പുറത്തിറങ്ങി. തുടർന്ന്, പുറത്തുള്ള യന്ത്രത്തിന്റെ സഹായത്തോടെ അതിശക്തമായി കുഴൽ അകത്തേക്കു തള്ളി. വീണ്ടും രക്ഷാപ്രവർത്തകർ നുഴഞ്ഞുകയറി അവശിഷ്ടങ്ങൾ നീക്കി. ഈ രീതിയിൽ ഇഞ്ചിഞ്ചായാണ് കുഴൽ മുന്നോട്ടു നീക്കുന്നത്