വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ വഴുക്കുപാറയിലെ സംരക്ഷണഭിത്തി നിർമാണം അവസാനഘട്ടത്തിൽ. നിർമാണം പൂർത്തിയായ മതിലിനും റോഡിനുമിടയിലുള്ള ഭാഗത്ത് മണ്ണിട്ടുറപ്പിക്കുന്ന ജോലികളും റോഡിനുകുറുകെ ചാൽ നിർമാണവുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
മുഴുവൻ ജോലികളും പൂർത്തിയാക്കി ജനുവരിയിൽ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുക്കാനാകുമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതർ പറഞ്ഞു. നിലവിൽ പാലക്കാട് ദിശയിലേക്കുള്ള ട്രാക്കിലൂടെയാണ് ഇരുഭാഗത്തേക്കും ഗതാഗതം ക്രമീകരിച്ചിട്ടുള്ളത്. ഇത് ഇടയ്ക്കിടെ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. ജൂലായിലെ കനത്തമഴയെത്തുടർന്ന് റോഡിൽ വിള്ളൽ വീഴുകയും വശമിടിയുകയും ചെയ്തിരുന്നു.
തൃശ്ശൂർ ദിശയിൽ വഴുക്കുംപാറ മേൽപ്പാലം തുടങ്ങുന്ന ഭാഗത്തായിരുന്നു സംഭവം. മതിൽ കെട്ടാതെ മണ്ണും കല്ലും പതിപ്പിച്ചാണ് ഈ ഭാഗത്ത് സുരക്ഷയൊരുക്കിയിരുന്നത്. ഇത് മഴയിൽ ഇടിഞ്ഞതോടെ കോൺക്രീറ്റ് മതിൽ കെട്ടാൻ തീരുമാനിക്കുകയായിരുന്നു.