പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ ട്രംപിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി നടന്നത്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി യുഎസ് സെനറ്ററായ ജെ ഡി വാന്‍സനെയാണ് ട്രംപ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ വാന്‍സ് ആകും അടുത്ത വൈസ് പ്രസിഡന്റ്. ആരാണ് ഈ വാന്‍സ് ജെയിംസ് ഡേവിഡ് വാന്‍സ് എന്ന 39ക്കാരന് ഇന്ത്യയുമായി എന്താണ് ബന്ധം.
ഒഹായോയിലെ സെനറ്ററായ ജെയിംസ് ഡേവിഡ് വാന്‍സ് സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്‌ലോറിഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോ, നോര്‍ത്ത് ഡക്കോട്ട ഗവര്‍ണര്‍ ഡഗ് ബേര്‍ഗം എന്നിവരെ പിന്തള്ളിയാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായത്. 2016 ല്‍ വാന്‍സ് എഴുതിയ ‘ഹില്‍ബില്ലി എലജി’ എന്ന ഓര്‍മ്മക്കുറിപ്പ് അപ്പോഴത്തെ ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായിരുന്നു. ദാരിദ്ര്യം, മയക്കുമരുന്ന് അടിമത്തം എന്നിവയൊക്കെ കൃത്യമായി വിശകലനം ചെയ്ത കുറിപ്പ് 2020-ല്‍ ഓസ്‌കാര്‍ നോമിനേറ്റഡ് ഫീച്ചര്‍ ഫിലിമായി മാറി. 2022 ലെ ഒഹായോയില്‍ നടന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെനറ്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നോമിനി ടിം റയാനെയാണ് വാന്‍സ് പരാജയപ്പെടുത്തിയത്.
ഇന്ത്യക്കാരിയായ ഉഷ ചിലുകുരിയെയാണ് വാന്‍സ് വിവാഹം കഴിച്ചത്. കാലിഫോര്‍ണിയയിലെ സാന്റിയാഗോയില്‍ ജനിച്ചു വളര്‍ന്ന ഉഷ ആന്ധ്രയില്‍ വേരുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളാണ്. റാഞ്ചോ പെനാസ്‌ക്വിറ്റോസിലെ മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂളിലായിരുന്നു പഠനം. 2013ല്‍ യേല്‍ ലോ സ്‌കൂളിലെ പഠനകാലത്താണു ജീവിതപങ്കാളി ജെ.ഡി.വാന്‍സിനെ കണ്ടുമുട്ടിയത്. നിയമബിരുദം നേടിയതിനു പിന്നാലെ 2014ല്‍ ഇരുവരും വിവാഹിതരായി. ന്റെ വിജയത്തിന പിറകിലെ പ്രധാന ശക്തി ഉഷയാണെന്ന് വാന്‍സ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. യേല്‍ സ്‌കൂള്‍ കാലത്ത് കണ്ടുമുട്ടിയ ഉഷയെ ‘യേല്‍ സ്പിരിറ്റ് ഗൈഡ്’ എന്നാണ് വാന്‍സ് വിശേഷിപ്പിച്ചിരുന്നത്.
അന്നത്തെ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സര്‍ക്യൂട്ട് ജഡ്ജി ബ്രെറ്റ് കവനോവിന്റെയും 2017-2018 മുതല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സിന്റെയും നിയമ ക്ലര്‍ക്ക് ആയി 2014-2015 വരെ ഉഷ സേവനമനുഷ്ഠിച്ചു. ഭര്‍ത്താവ് വാന്‍സിന്റെ രാഷ്ട്രീയ പ്രവേശനത്തിനും വളര്‍ച്ചയിലും പ്രധാന പങ്കുവഹിച്ച ആളാണ് ഉഷ. 2016, 2022 വര്‍ഷങ്ങളിലെ സെനറ്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. നേരത്തേ ഡെമോക്രാറ്റ് ആയിരുന്ന ഉഷ 2018 മുതല്‍ ഒഹായോയില്‍ റിപ്പബ്ലിക്കന്‍ ആയാണു വോട്ട് ചെയ്യുന്നത്.
ട്രംപിന്റെ ശക്തമായ വിമര്‍ശകനായിരുന്നു വാന്‍സ്. ട്രംപ് പ്രസിഡന്റ് ആവാന്‍ യോഗ്യല്ലെന്നും വാന്‍സ് വിമര്‍ശിച്ചു. അമേരിക്കയുടെ ഹിറ്റ്ലര്‍ എന്നാണ് വാന്‍സ് ട്രംപിനെ വിശേഷിപ്പിച്ചത്. പക്ഷെ അധികം വൈകാതെ തന്നെ വാന്‍സ് ട്രംപിന്റെ വിശ്വസ്തനായി. ഒഹായോയിലെ മിഡില്‍ടൗണില്‍ ജനിച്ചുവളര്‍ന്ന വാന്‍സ് 2003 , 2007 കാലഘട്ടത്തില്‍ ആറുമാസത്തോളം യുഎസ് സൈനികനായി ഇറാഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.