ബംഗളൂരു: ബംഗളൂരു-കോയമ്പത്തൂർ, മംഗളൂരു- ഗോവ വന്ദേഭാരത് സർവിസുകൾ ശനിയാഴ്ചമുതൽ ആരംഭിക്കും. ഇരു സർവിസുകളുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിങ് വഴി നിർവഹിക്കും. കോയമ്പത്തൂരിനിന്ന് ബംഗളൂരു കന്റോൺമെന്റ് വരെയും തിരിച്ചും സർവിസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ബുധനാഴ്ച പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ശനിയാഴ്ച രാവിലെ 11ന് കോയമ്പത്തൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് ഉദ്ഘാടന സ്പെഷൽ സർവിസ് ആരംഭിക്കും. സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് 6.30 ഓടെയാണ് ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ എത്തിച്ചേരുക. തിരുപ്പൂർ- 11.47, ഈറോഡ്- 12.34, സേലം – ഉച്ചക്ക് 1.31, ധർമപുരി- 2.53, ഹൊസൂർ- 4.25 എന്നിങ്ങനെയാണ് ഉദ്ഘാടന സ്പെഷൽ സർവിസിന്റെ സമയക്രമം.
എട്ടു കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകൾ ഞായറാഴ്ചമുതൽ ഷെഡ്യൂൾ പ്രകാരം ഓടിത്തുടങ്ങും. വ്യാഴാഴ്ചകളിൽ ഒഴികെയാണ് സർവിസ്. കോയമ്പത്തൂരിൽനിന്ന് പുലർച്ച അഞ്ചിന് സർവിസ് ആരംഭിക്കുന്ന കോയമ്പത്തൂർ ജങ്ഷൻ- ബംഗളൂരു കന്റോൺമെന്റ് (20642) വന്ദേഭാരത് തിരുപ്പൂർ (രാവിലെ 5.42), ഈറോഡ് ജങ്ഷൻ (രാവിലെ 6.27), സേലം ജങ്ഷൻ (രാവിലെ 7.18), ധർമപുരി (രാവിലെ 8.32), ഹൊസൂർ (രാവിലെ 10.05) വഴി രാവിലെ 11.30ന് ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലെത്തും.
ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്ന് ഉച്ചക്ക് 1.40 ന് പുറപ്പെടുന്ന ബംഗളൂരു കന്റോൺമെന്റ്- കോയമ്പത്തൂർ ജങ്ഷൻ (20641) വന്ദേഭാരത് എക്സ്പ്രസ് ഹൊസൂർ (ഉച്ചക്ക് 2.52), ധർമപുരി (വൈകീട്ട് 4.16), സേലം ജങ്ഷൻ (വൈകീട്ട് 5.53), ഈറോഡ് ജങ്ഷൻ (വൈകീട്ട് 6.45), തിരുപ്പൂർ (രാത്രി 7.25) വഴി രാത്രി എട്ടിന് കോയമ്പത്തൂർ ജങ്ഷനിലെത്തും. ഈറോഡിൽ അഞ്ചും സേലത്ത് മൂന്നും മറ്റു സ്റ്റേഷനുകളിൽ രണ്ടും മിനിറ്റ് വീതം സ്റ്റോപ്പുണ്ടാകും.
സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എത്തുന്നതോടെ ബംഗളൂരു, കോയമ്പത്തൂർ നഗരങ്ങൾക്കിടയിൽ ആറര മണിക്കൂർകൊണ്ട് യാത്ര ചെയ്യാനാകും. ഇരു നഗരങ്ങൾക്കുമിടയിലെ 374 കിലോമീറ്റർ മണിക്കൂറിൽ ശരാശരി 58 കിലോമീറ്റർ വേഗത്തിലാണ് വന്ദേഭാരത് താണ്ടുക. അതേസമയം, പരീക്ഷണയോട്ടം നടത്തിയ സർവിസ് അഞ്ചു മണിക്കൂറും 38 മിനിറ്റും കൊണ്ട് കോയമ്പത്തൂരിൽനിന്ന് ബംഗളൂരു കന്റോൺമെന്റിലെത്തിയിരുന്നു. ഇതിനെക്കാളും 52 മിനിറ്റ് അധികമെടുത്താണ് സർവിസ് സമയക്രമം തയാറാക്കിയിരിക്കുന്നത്.
നിലവിൽ കോയമ്പത്തൂർ- ബംഗളൂരു- കോയമ്പത്തൂർ റൂട്ടിൽ ഡബിൾ ഡക്കർ ഉദയ് എക്സ്പ്രസ് സർവിസ് നടത്തുന്നുണ്ട്. ഇത് 419 കിലോമീറ്റർ ദൈർഘ്യമുള്ള സേലം-ജോലാർപേട്ട്- കെ.ആർ പുരം വഴിയാണ് കെ.എസ്.ആർ ബംഗളൂരുവിലേക്ക് സർവിസ് നടത്തുന്നത്. മണിക്കൂറിൽ ശരാശരി 60 കിലോമീറ്റർ വേഗത്തിൽ ഏഴു മണിക്കൂർ കൊണ്ട് ഉദയ് എക്സ്പ്രസ് ലക്ഷ്യത്തിലെത്തുന്നുണ്ട്. പുലർച്ച 5.45ന് കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന ഉദയ് എക്സ്പ്രസ് ബംഗളൂരുവിൽ 12.40ന് എത്തിച്ചേരും. ഉദയ് എക്സ്പ്രസിനെക്കാളും ഇരട്ടി ചാർജുള്ള വന്ദേഭാരതിലെ യാത്രക്കാർക്ക് അരമണിക്കൂർ മാത്രമാണ് ലാഭം. വന്ദേഭാരതിൽ ചെയർകാറിന് 1000ഉം എക്സിക്യൂട്ടിവ് ചെയർ കാറിന് 1550 ഉം രൂപയാണ് ടിക്കറ്റ് ചാർജ്. ബംഗളൂരുവിൽനിന്നുള്ള നാലാമത്തെ വന്ദേഭാരത് സർവിസാണിത്. നേരത്തേ, മൈസൂരു-ബംഗളൂരു- ചെന്നൈ, ബംഗളൂരു-ധാർവാഡ്- ബെളഗാവി, ബംഗളൂരു- ഹൈദരാബാദ് എന്നീ വന്ദേഭാരത് സർവിസുകൾ ആരംഭിച്ചിരുന്നു.