5,000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് അസിസ്റ്റന്റും, ഫീല്‍ഡ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍. ആലപ്പുഴ ജില്ലയിലെ പുന്നപ്ര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദും ഫീല്‍ഡ് അസിസ്റ്റന്റ് അശോകനുമാണ് ഇന്ന് പിടിയിലായത്.
പുന്നപ്ര സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള വസ്തു തരം മാറ്റുന്നതിന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുന്നപ്ര വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വസ്തു അളക്കുന്നതിന് വില്ലേജ് അസിസ്റ്റന്റ് വിനോദും ഫീല്‍ഡ് അസിസ്റ്റന്റ് അശോകനും സ്ഥലത്ത് എത്തുകയും ഫയല്‍ റവന്യു ഡിവിഷണല്‍ ഓഫീസില്‍ അയക്കണമെങ്കില്‍ 5,000 രുപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് പരാതിക്കാരന് ഈ വിവരം വിജിലന്‍സ് കിഴക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഗിരീഷ്. പി. സാരഥിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി.
ഇന്ന് വൈകീട്ട് 03:20 ഓടെ പുന്നപ്ര വില്ലേജ് ഓഫീസിന് മുന്നില്‍ വച്ച് വില്ലേജ് അസിസ്റ്റന്റ് വിനോദിന്റെ നിര്‍ദേശപ്രകാരം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അശോകന് പരാതിക്കാരനില്‍ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.