പാരിസ്: വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഒളിമ്പിക്സ് അയോഗ്യതയ്ക്ക് പിന്നാലെ വിനേഷിന്റെ വിരമിക്കല്‍ പ്രഖ്യാപനം. റസ്ലിങ്ങിനോട് വിടപറയുന്നുവെന്നും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വിനേഷ് വ്യക്തമാക്കി. ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും വിനേഷ് കുറിച്ചു. നിങ്ങളുടെ സ്വപ്നങ്ങള്‍ എന്റെ ധൈര്യം എല്ലാം തകര്‍ന്നെന്നും ഇതില്‍ കൂടുതല്‍ ശക്തി തനിക്കില്ലെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് എക്സില്‍ കുറിച്ചു.
‘ഞാന്‍ തോറ്റു, ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകര്‍ന്നു, ഇതില്‍ കൂടുതല്‍ ശക്തി എനിക്കില്ല. വിട ഗുസ്തി 2001-2024 . നിങ്ങളോടെല്ലാം ഞാന്‍ എന്നും കടപ്പെട്ടിരിക്കും, ക്ഷമിക്കണം’ എന്നായിരുന്നു എക്സില്‍ ഹിന്ദിയില്‍ വിനേഷ് കുറിച്ചത്.
ഒളിംപിക്സില്‍ അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ വിനേഷ് ഫോഗട്ട് കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചിരുന്നു. വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായാണ് താരം കായിക കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് വരാനിരിക്കെയാണ് അതിന് കാത്തി നില്‍ക്കാതെ വിനേഷ് ഫോഗട്ട് വിരമിച്ചിരിക്കുന്നത്.