തൃശ്ശൂര്‍: ചേലക്കരയില്‍ എല്‍ഡിഎഫിനെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് പരാതി നല്‍കി ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്ലാസ്റ്റിക് ഫ്ളക്സുകള്‍ ഉപയോഗിച്ചു എന്നാരോപിച്ചാണ് ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
ഫ്ളക്സ് പ്ലാസ്റ്റിക്കില്‍ പ്രിന്റ് ചെയ്യരുതെന്ന ഹൈക്കോടതി നിയമം ലംഘിച്ചെന്നും തുണിയില്‍ പ്രിന്റ് ചെയ്യണമെന്ന നിയമം എല്‍ഡിഎഫ് പാലിച്ചില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിനെതിരെയാണ് പരാതി നല്‍കിയത്. പ്രകൃതിക്കിണങ്ങാത്ത പ്ലാസ്റ്റിക് ഫ്ളക്സ് പ്രിന്റ് ചെയ്തു. മുഖ്യമന്ത്രിയുടെ പരിപാടിക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളെ നിര്‍ബന്ധിച്ചു കൊണ്ടുവന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെയും ബിജെപി രംഗത്തെത്തി. ഫിറ്റ്നെസ് ഇല്ലാത്ത വാഹനത്തിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസും കയറിയതെന്നാണ് ബിജെപി ആരോപണം. ജീപ്പിന്റെ ഇന്‍ഷൂറന്‍സ് നാല് വര്‍ഷം മുമ്പ് കഴിഞ്ഞെന്നും ബിജെപി ആരോപിച്ചു.