25 December 2024

മലപ്പുറം: വിഷ്ണുജിത്ത് നാടുവിടാന്‍ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകള്‍. വിവാഹത്തിന് കടംവാങ്ങിയതില്‍ പാതി നഷ്ടപ്പെട്ടതും വിവാഹത്തീയതി അടുത്തതും വിഷ്ണുവിനെ കടുത്ത മാനസിക സങ്കര്‍ഷങ്ങളിലാക്കി. ഇതാണ് നാടുവിടാന്‍ കാരണമായത്. വിവാഹത്തിന് നാല് ദിവസം മുന്‍പ് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍നിന്ന് കണ്ടെത്തുന്നത്. ഊട്ടിയിലെ കൂനൂരില്‍വെച്ച് ഒരുതവണ വിഷ്ണുവിന്റെ ഫോണ്‍ ഓണായതോടെയാണ് ഇയാളെ കണ്ടെത്താന്‍ സാധിച്ചത്.

വിവാഹത്തിന് പണം വാങ്ങാനായാണ് വിഷ്ണുജിത്ത് വീടുവിട്ടിറങ്ങിയത്. ഇതിനായി സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയില്‍ അമ്പതിനായിരം രൂപ കളഞ്ഞു പോയി. പതിനായിരം രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തത് കഴിഞ്ഞ് ബാക്കി കയ്യിലുണ്ടായിരുന്നത് നാല്‍പതിനായിരം രൂപ മാത്രമായിരുന്നു.

ഈ പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ടതെന്നും വിഷ്ണു ജിത്ത് പറഞ്ഞു. മനപ്രയാസത്തില്‍ പല ബസുകള്‍ കയറി ഇറങ്ങി ഊട്ടിയിലെത്തി. ഊട്ടിയില്‍ നിന്ന് പരിചയമില്ലാത്ത ഒരാളുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചുവെന്നും വിഷ്ണുജിത്ത് പറയുന്നു. ഈ വിളി പിന്തുടര്‍ന്നാണ് പൊലീസ് വിഷ്ണു ജിത്തിലേക്ക് എത്തിയത്. അതേസമയം, വിഷ്ണു ജിത്തിനെ വൈദ്യ പരിശോധനക്ക് ശേഷം മലപ്പുറം കോടതിയില്‍ ഹാജരാക്കും.

കാണാതായി ആറാം ദിവസമാണ് വിഷ്ണുജിത്തിനെ കണ്ടെത്തുന്നത്. മാധ്യമങ്ങളോട് പ്രതികരിച്ചില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലമാണ് നാടു വിട്ടതെന്ന് വിഷ്ണു ജിത്ത് പോലീസിനോട് പറഞ്ഞിരുന്നു. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പോലീസ് സംഘം ഉണ്ടെന്നും തമിഴ്നാട് പോലീസും സഹായിച്ചുവെന്ന് മലപ്പുറം എസ്പി പ്രതികരിച്ചിരുന്നു.

വിഷ്ണുജിത്തിന്റെ സഹോദരി തുടര്‍ച്ചയായി വിളിച്ചപ്പോള്‍ ഇന്നലെ വൈകീട്ട് ഫോണ്‍ അറ്റന്‍ഡ് ചെയ്തു. എന്നാല്‍ മറു ഭാഗത്ത് നിന്നും കാര്യമായ പ്രതികരണം ഉണ്ടായില്ല. ഉടന്‍ തന്നെ ഫോണ്‍ കട്ടായെന്നും സഹോദരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!