28 December 2024

ഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ്, ആന്ധ്ര പ്രദേശ് നാഗാർജുന സാഗർ അണക്കെട്ടിന്റെ ചുമതല ഏറ്റെടുത്ത് വെള്ളം തുറന്നുവിടാൻ തുടങ്ങിയത് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ തെലങ്കാനയിലെ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് തിരിക്കിലായ സമയത്താണ് ​​ആന്ധ്ര പ്രദേശിലെ 700 ഓളം പൊലീസുകാർ നാഗാർജുന അണക്കെട്ടിലേക്ക് ഇരച്ചുകയറിയത്. കൃഷ്ണ നദിയിലെ അണക്കെട്ടിലെ കനാൽ തുറന്ന് മണിക്കൂറിൽ 500 ക്യുസെക്‌സ് വെള്ളം തുറന്നുവിടുകയും ചെയ്തു.കുടിവെള്ള ആവശ്യങ്ങൾക്കായി കൃഷ്ണ നദിയിലെ നാഗാർജുന സാഗറിലെ വലത് കനാലിൽ നിന്ന് വെള്ളം തുറന്നുവിടുകയാണ് എന്ന് ആന്ധ്ര പ്രദേശ് ജലസേചന മന്ത്രി അമ്പാട്ടി രാംബാബു എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ആന്ധ്ര പ്രദേശും തെലങ്കാനയും തമ്മിലുള്ള കരാർ പ്രകാരം സംസ്ഥാനത്തിന് അവകാശപ്പെട്ട ജലം മാത്രമാണ് എടുത്തിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഒരു ഉടമ്പടിയും ലംഘിച്ചിട്ടില്ല. കൃഷ്ണയിലെ 66 ശതമാനം ജലം ആന്ധ്ര പ്രദേശിനും 34 ശതമാനം തെലങ്കാനക്കും അവകാശപ്പെട്ടതാണ്. ഞങ്ങളുടേതല്ലാത്ത ഒരു തുള്ളി വെള്ളം പോലും ഉപയോഗിച്ചിട്ടില്ല. ഞങ്ങളുടെ പ്രദേശത്ത് ഞങ്ങളുടെ കനാൽ തുറക്കാൻ ഞങ്ങൾ ശ്രമിച്ചു. ഈ വെള്ളം ഞങ്ങളുടേതാണ്.-മന്ത്രി രാംബാബു മാധ്യമങ്ങളോട് പറഞ്ഞു.

സംഘർഷം ആളിക്കത്തിയ സാഹചര്യത്തിൽ നവംബർ 28 മുതൽ നാഗാർജുന സാഗർ ജലം വിട്ടുനൽകുന്നത് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രം ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. തെലങ്കാന, ആന്ധ്ര പ്രദേശ് എന്നിവയുമായുള്ള വിഡിയോ കോൺഫറൻസിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. പദ്ധതിക്ക് ഇരു സംസ്ഥാനങ്ങളും സമ്മതം അറിയിച്ചിട്ടുണ്ട്.

കൂടുതൽ സംഘർഷം ഒഴിവാക്കാൻ, അണക്കെട്ടിന് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സി.ആർ.പി.എഫ്) കരാർ പ്രകാരം ഇരുഭാഗത്തും വെള്ളം ലഭിക്കുന്നുണ്ടെന്ന് മേൽനോട്ടം വഹിക്കും. ആന്ധ്ര പ്രദേശിൽ നിന്നുള്ള അഞ്ഞൂറോളം സായുധ പൊലീസുകാർ നാഗാർജുന സാഗർ അണക്കെട്ടിലെത്തി സി.സി.ടി.വി കാമറകൾ കേടുവരുത്തുകയും ഗേറ്റ് നമ്പർ 5ലെ ഹെഡ് റെഗുലേറ്ററുകൾ തുറന്ന് 5000 ക്യുസെക്‌സ് വെള്ളം തുറന്നുവിടുകയും ചെയ്‌തതായി തെലങ്കാന ചീഫ് സെക്രട്ടറി ശാന്തികുമാരി ആരോപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ആന്ധ്രപ്രദേശിന്റെ നീക്കം തെലങ്കാനയിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുമ്പോൾ ഹൈദരാബാദിലെയും സമീപ പ്രദേശങ്ങളിലെയും രണ്ട് കോടി ജനങ്ങളുടെ കുടിവെള്ള വിതരണം ഇത് ഗുരുതരമായി തടസ്സപ്പെടുത്തുമെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ ആന്ധ്ര പൊലീസിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2015ൽ ആന്ധ്ര പൊലീസ് അണക്കെട്ടിൽ കയറാൻ ഇതുപോലുള്ള ശ്രമം നടത്തിയിരുന്നെങ്കിലും തെലങ്കാന സുരക്ഷ സേന സംഭവസ്ഥലത്തെത്തി ശ്രമം തടയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!