രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ മുതൽ തന്നെ വിവിധയിടങ്ങളിൽ വോട്ടർമാരുടെ നീണ്ട നിര കാണാനുണ്ട്. വൈകിട്ട് ആറു വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള സമയം. ഭിന്നശേഷി സൗഹൃദ, ഹരിത ബൂത്തുകളിലാണ് ഇത്തവണയും തെരഞ്ഞെടുപ്പ് നടക്കുന്നത്. ചേലക്കര മണ്ഡലത്തിൽ 6-ഉം വയനാട്ടിൽ 16-ഉം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ചേലക്കരയിൽ ആകെ 2,13,103 വോട്ടർമാരാണ് ഉള്ളത്. 180 പോളിങ് ബൂത്തുകളിൽ മൂന്ന് ഓക്‌സിലറി ബൂത്തുകളുണ്ട്. മണ്ഡലത്തിൽ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. വയനാട്ടിൽ ആകെ 14,71,742 വോട്ടർമാരാണുള്ളത്. 30 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനു സജ്ജമായത്. ജില്ലയിൽ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളും പ്രത്യേക സുരക്ഷാ പട്ടികയിലുണ്ട്.
വയനാട്ടിൽ 9.15 വരെയുള്ള കണക്ക് പ്രകാരം ഏറനാട് മണ്ഡലത്തിൽ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തി, 13.91 ശതമാനം. മാനന്തവാടി 12.03%, സുൽത്താൻ ബത്തേരി 11.39 %, കല്പറ്റ 12.66 %, നിലമ്പൂർ 12.55 % , വണ്ടൂർ 12.34%, തിരുവമ്പാടി 13.76 ശതമാനവും വോട്ട് രേഖപ്പെടുത്തി.