കല്‍പറ്റ: വയനാട് വാകേരിയിൽ യുവാവിൻ്റെ ജീവനെടുത്ത കടുവക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കുങ്കിയാനകളെ ഉപയോഗിച്ചും ക്യാമറ ട്രാപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചുമാണു മയക്കുവെടി വിദഗ്ധരടക്കമുള്ള ആർ.ആർ.ടി സംഘത്തിൻ്റെ തിരച്ചിൽ.
ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. കടുവ വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും ഉത്തരമേഖലാ സി.സി.എഫ് കെ.എസ് ദീപ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നലെ ഇരുട്ട് വീണതോടെ തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും രാത്രിയും പട്രോളിങ്ങുമായി മേഖലയിൽ വനംവകുപ്പ് സംഘമുണ്ടായിരുന്നു.
വയനാട് വന്യജീവി സങ്കേതത്തിലെ 13 വയസ്സ് പ്രായമുള്ള ‘ഡബ്ല്യു.ഡബ്ല്യു.എല്‍ 45’ എന്ന ആൺകടുവക്കായാണ് തിരച്ചിൽ പുരോഗമിക്കുന്നത്. പൂതാടി മൂടക്കൊല്ലിയിൽ മരോട്ടിപ്പറമ്പിൽ പ്രജീഷ്(36) എന്ന ക്ഷീരകർഷകനാണ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കല്ലൂർകുന്നിലും സമീപത്തെ വയലിലും കടുവയുടെ കാൽപാടുകൾ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കടുവ യുവാവിനെ കൊന്ന വാകേരിയിൽ നിന്ന് അഞ്ച് കിലോ മീറ്റർ അകലെയാണ് കാൽപാടുകൾ കണ്ടെത്തിയത്. സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തി.കല്ലൂർകുന്നിലെ ഒരു വീട്ടുമുറ്റത്താണ് കടുവയുടെ കാൽപാടുകൾ ആദ്യം കണ്ടത്. പരിശോധനയിൽ സമീപത്തെ വയലിലും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. കടുവയുടെ കാൽപാടുകൾ തന്നെയെന്ന് വനപാലകർ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ശാസ്ത്രീയ പരിശോധനകളടക്കം നടത്താനുള്ള നടപടികളിലേക്ക് വനംവകുപ്പ് കടന്നുകഴിഞ്ഞു.