അടുത്തിടെ സിനിമാതാരം ഫഹദ് ഫാസില്‍ തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയതോടെയാണ് ഈ രോഗം മലയാളികള്‍ കൂടുതലായി ചര്‍ച്ച ചെയ്തു തുടങ്ങിയത്. തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിക്കുന്ന ഒരു രോഗമാണിത്.
എന്താണ് എഡിഎച്ച്ഡിക്ക് കാരണം?
എഡിഎച്ച്ഡിക്ക് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടാകാം. പാരമ്പര്യം ഒരു വലിയ ഘടകമാണ്. ഗര്‍ഭകാലത്തെ പ്രമേഹം, തൈറോയ്ഡ് രോഗങ്ങള്‍, ഗര്‍ഭകാലത്തെ അമ്മമാരുടെ മദ്യപാനവും പുകവലിയും, ഗര്‍ഭധാരണത്തിലെ സങ്കീര്‍ണതകള്‍, കുട്ടിക്കാലത്ത് നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ പെട്ടെന്നുണ്ടാകുന്ന വലിയ മാറ്റങ്ങള്‍ എന്നിവയെല്ലാം എഡിഎച്ച്ഡിയിലേക്ക് നയിച്ചേക്കാം.
ആദ്യകാല ലക്ഷണങ്ങള്‍
കുട്ടികളില്‍ പലരൂപത്തില്‍ എഡിഎച്ച്ഡി പ്രത്യക്ഷപ്പെടാറുണ്ട്. ഹൈപ്പര്‍ ആക്ടിവിറ്റി- അടങ്ങിയിരിക്കാന്‍ കഴിയാത്ത അവസ്ഥ, ചിന്തിക്കാതെയുള്ള എടുത്തുചാട്ടം, ഒരാള്‍ സംസാരിക്കുമ്പോള്‍ ഇടക്കുകയറി സംസാരിക്കുക, അവരുടെ ഊഴം എത്തുന്നത് വരെ കാത്തിരിക്കാന്‍ കഴിയാതിരിക്കുക, അധികമായ ഊര്‍ജസ്വലത എന്നിവ എഡിഎച്ച്ഡിയുടെ ലക്ഷണങ്ങളാവാം. വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിയാത്തതിനാല്‍ പഠനത്തിലെ പ്രകടനവും മോശമാകാം. ഇത്തരം ലക്ഷണങ്ങള്‍ വീടുകളിലും സ്‌കൂളിലും പുറത്തുമുള്ള കുട്ടികളുടെ പെരുമാറ്റത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്കിടയാകാറുണ്ട്. ഇവ പരിഹരിക്കണമെങ്കില്‍ എഡിഎച്ച്ഡി നേരത്തെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ടതുണ്ട്.
മുതിര്‍ന്നവരിലെ എഡിഎച്ച്ഡി
ചെറുപ്പത്തില്‍ എഡിഎച്ച്ഡി കണ്ടുപിടിച്ച് ചികില്‍സിച്ചില്ലെങ്കില്‍ വളരുമ്പോള്‍ വ്യത്യസ്തമായ പ്രശ്‌നങ്ങളായിരിക്കും അത് സൃഷ്ടിക്കുന്നത്. ഏതു കാര്യവും പിന്നീട് ചെയ്യാനായി മാറ്റിവെയ്ക്കുക, മാനസികനില അടിക്കടി മാറുക, അക്ഷമ, ദൈനംദിനവിഷയങ്ങള്‍ കൈകാര്യം ചെയ്യാനും ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കാനുമുള്ള ബുദ്ധിമുട്ട്, ശ്രദ്ധക്കുറവ്, അടിക്കടി ജോലി മാറുക, പുതിയ അറിവുകള്‍ നേടാനും കഴിവുകള്‍ സ്വായത്തമാക്കാനും കഴിയാതിരിക്കുക എന്നിവയാണ് അവയില്‍ ചിലത്. എടുത്തുചാട്ടവും ശ്രദ്ധക്കുറവും ഉദ്യമങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയും കാരണം ഇവരുടെ വ്യക്തിബന്ധങ്ങളിലും വിള്ളലുകള്‍ സംഭവിക്കാറുണ്ട്.
പലപ്പോഴും പൊതുവെയുള്ള മടി, അലസത എന്നിവയായിട്ടൊക്കെ ആയിരിക്കും നമുക്ക് ഇവ തോന്നുക. വിദഗ്ധരുടെ പരിശോധനകളും ചികിത്സയും ലഭിച്ചാല്‍ മാത്രമേ ഈ രോഗം സ്ഥിരീകരിക്കാനും ചികിത്സിക്കാനും കഴിയൂ. ഈ പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ തങ്ങള്‍ക്ക് എഡിഎച്ച്ഡി ആയിരിക്കാം എന്ന് സംശയിക്കാറുണ്ട്. എന്നാല്‍ നമ്മുടെ നിത്യജീവിതത്തിലെ സാധാരണകാര്യങ്ങളെ പോലും കാര്യമായി ബാധിക്കുന്ന തരത്തിലേക്ക് ഈ പ്രശ്‌നങ്ങള്‍ എത്തുമ്പോള്‍ മാത്രമാണ് അത് ക്ലിനിക്കല്‍ എഡിഎച്ച്ഡി ആയി മാറുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെങ്കില്‍ അത് എഡിഎച്ച്ഡി അല്ല.
എഡിഎച്ച്ഡിയെ നേരിടേണ്ടതെങ്ങനെ?
പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഒരവസ്ഥയല്ലിത്. എന്നാല്‍ കൃത്യമായ ചില തന്ത്രങ്ങള്‍ ഉപയോഗിച്ചും ഉറ്റവരുടെ പിന്തുണയുടെ സഹായത്താലും ഫലപ്രദമായി എഡിഎച്ച്ഡിയെ നേരിടാന്‍ സാധിക്കും. വിദഗ്ധരുടെ സഹായം, മരുന്നുകള്‍, ബിഹേവിയറല്‍ തെറാപ്പി എന്നിവയാണ് അതിനുള്ള പോംവഴികള്‍. എത്രയും വേഗം രോഗം തിരിച്ചറിഞ്ഞ്, തുടര്‍ച്ചയായി അതിനെ മാനേജ് ചെയ്യുന്നതാണ് ഏറ്റവും പ്രധാനം. എങ്കില്‍ മേല്പറഞ്ഞ ലക്ഷണങ്ങളെ പ്രതിരോധിച്ച് എഡിഎച്ച്ഡി ഉള്ളവര്‍ക്കും സാധാരണ ജീവിതം നയിക്കാന്‍ കഴിയും.