അമീബിക് മെനിഞ്ചോ എന്‍സെഫെലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരെയും ഡിസ്ചാര്‍ജ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. തുടക്കം മുതല്‍ കൃത്യമായ രോഗ നിര്‍ണയം നടത്തുകയും മില്‍ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായി ചികിത്സിക്കുകയുെ ചെയ്തതാണ് ഇത്തരം ഒരു നട്ടത്തിലേക്ക് എത്തിച്ചേരാന്‍ സാധിച്ചത്.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചതോടെ ശക്തമായ ജാഗ്രതാ നടപടികളായിരുന്നു ആരോഗ്യ വകുപ്പ് സ്വീകരിച്ചത്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പ്രത്രേക എസ്.ഒ.പി തയ്യാറാക്കിയാണ് രോഗം ബാധിച്ചവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പ് വരുത്തിയത്. ആഗോള തലത്തില്‍ 97 ശതമാനമാണ് ഈ രോഗത്തിന്റെ മരണ നിരക്ക്. അതേസമയം കേരളത്തില്‍ മരണ നിരക്ക് 26 ശതമാനമായി കുറയ്ക്കുവാന്‍ സാധിച്ചു.
ലോകത്താകമാനം ഈ രോഗം ബാധിച്ചവരില്‍ വെറും 25 പേര്‍മാത്രമാണ് രോഗമുക്തി നേടിയിട്ടുള്ളത്.നിലവില്‍ ആശുപത്രി വിട്ട 10 പേരുള്‍പ്പടെ 14 പേരെ രോഗ വിമുക്തരാക്കാന്‍ കേരളത്തിന് സാധിച്ചു. ചികിത്സയ്ക്കും ഏകോപനത്തിനും നേതൃത്വം നല്‍കിയ ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ കോളേജിലെയും മുഴുവന്‍ പേരെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. രോഗത്തെ പ്രതിരോധിക്കുന്നതിനായി ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു
എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്
കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജല ശ്രോതസുകളുമായി ബന്ധപ്പെടുന്നവരില്‍ അപൂര്‍വമായി വരുന്ന രോഗം, നേഗ്‌ളേറിയ ഫൌലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് ഉണ്ടാകുന്നത്. നിലവില്‍ രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ കുറവാണ്.രോഗകാരി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യ ശരീത്തില്‍ പ്രവേശിച്ച് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്നു. ഒഴുക്കില്ലാത്ത ജലത്തിലാണ് രോഗകാരി പൊതുവെ കാണപ്പെടുന്നത്. ഈ രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല.
ലക്ഷണങ്ങള്‍
രോഗാണു പ്രവേശിച്ച് 1 മുതല്‍ 9 ദിവങ്ങള്‍ക്കുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. തീവ്രമായ തലവേദന, പനി, ഓക്കാനം, ചര്‍ദ്ദിഎന്നവയാണ് ആദ്യ ലക്ഷണങ്ങള്‍. ഗുരുതരാവസ്ഥയില്‍ അപസ്മാരം, ബോധക്ഷയം , ഓര്‍മ്മക്കുറവ് തുടങ്ങിയവയും സംഭവിക്കും. നട്ടെല്ലില്‍ നിന്ന് സ്രവം കുത്തിയെടുത്താണ് രോഗ നിര്‍ണയം നടത്തുന്നത്.
പ്രതിരോധം
കെട്ടിക്കിടക്കുന്ന വെള്ളത്തിലെയും നീര്‍ച്ചാലുകളിലെയും കുളി ഒഴിവാക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗത്തെ പ്രതിരോധിക്കാം.രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം വൈദ്യപരിശോധനയ്ക്ക് വിധേയരാകുക. ശരിയായ രീതിയി ക്ലോറിനേറ്റ് ചെയ്ത നീന്തല്‍ കുളങ്ങളില്‍ കുളിക്കുന്നതിന് പ്രശ്‌നമില്ല.