സാൻഫ്രാൻസിസ്കോ: നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെറ്റയുടെ ഉടമസ്ഥതയിലെ വാട്സ്ആപ്പിൽനിന്ന് പുതിയ ഒരു അപ്ഡേറ്റ് കൂടി. ഇനി ഒറിജിനൽ ക്വാളിറ്റിയിൽ മീഡിയ ഫയലുകൾ വാട്സ്ആപ്പിലൂടെ അയക്കാം. ഐ.ഒ.എസിലാണ് ഇപ്പോൾ വാട്സ്ആപ്പിന്‍റെ 23.24.73 അപ്ഡേറ്റ് ലഭ്യമായിട്ടുള്ളത്.
മീഡിയ ഫയലുകൾ വ്യക്തത കുറക്കാതെ ഒറിജിനൽ ക്ലാരിറ്റിയിൽ ഇതോടെ അയക്കാനാകും. നവംബറിൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഈ ഫീച്ചറിന്‍റെ പരീക്ഷണം തുടങ്ങിയിരുന്നു. പരമാവധി 2 ജി.ബി ഫയലുകളാണ് ഇത്തരത്തിൽ അയക്കാനാകുക.
ദിവസങ്ങൾക്ക് മുമ്പ് ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാനായി സീക്രട്ട് കോഡ് സംവിധാനം വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ചാറ്റുകൾക്ക് പ്രത്യേകം പാസ്‌വേഡ് സെറ്റ് ചെയ്യാൻ അനുവദിക്കുന്നതാണീ ഫീച്ചർ. സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ചാറ്റുകൾ മറച്ചുവെക്കാൻ സഹായിക്കുന്ന ‘ചാറ്റ് ലോക്ക് ഫീച്ചർ’ ഈ വർഷമാദ്യമായിരുന്നു വാട്സ്ആപ്പ് റിലീസ് ചെയ്തത്.
ഫോണിന്റെ പാസ്‌വേഡ്, ഫിംഗർ പ്രിന്റ്, ഫേസ് ഐഡി എന്നിവയെല്ലാം ഉപയോഗിച്ച് ചാറ്റുകൾ ലോക്ക് ചെയ്യാം. ഇത്തരത്തിൽ ലോക്ക് ചെയ്ത ചാറ്റുകൾ പ്രത്യേക ലിസ്റ്റാക്കി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ആ ലിസ്റ്റ് വാട്സ്ആപ്പിന്റെ ഹോമിൽ ഏറ്റവും മുകളിലായി ദൃശ്യമാവുകയും ചെയ്യും. ഈ രീതി ഇഷ്ടമല്ലാത്തവർക്കാണ് ‘സീക്രട്ട് കോഡ്’ ഉപകാരപ്പെടുക.