തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യദുരന്തത്തില്‍ പ്രതികരിച്ച് സിനിമാതാരം സൂര്യ. വ്യാജമദ്യദുരന്തം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് തടയാന്‍ ശക്തമായ നിയമം കൊണ്ടുവരണമെന്നും സൂര്യ പറഞ്ഞു. വോട്ട് വാങ്ങാനെത്തുമ്പോള്‍ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവര്‍ അധികാരത്തിലെത്തിയാല്‍ ഇത് മറക്കുകയാണ്. ഇനിയിത് അംഗീകരിക്കാനാകില്ലെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. നടന്‍ വിജയ് നേരത്തെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചിരുന്നു.
50 പേരാണ് വിഷമദ്യദുരന്തത്തില്‍ ഇതുവരെയും മരിച്ചത്. 101 പേര്‍ സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. അതില്‍ തന്നെ 20 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. തുച്ഛമായ വിലയ്ക്ക് ലഭിക്കുമെന്നതിനാല്‍ കരുണാപുരത്തിന് പുറമെ മധുര്‍, വീരച്ചോലപുരം ഉള്‍പ്പെടെയുള്ള അയല്‍ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍പോലും ഇവരില്‍ നിന്നാണ് മദ്യംവാങ്ങിച്ചിരുന്നത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ടാസ്മാക്കില്‍ 150 രൂപ വിലയുള്ള മദ്യം ഇവരുടെ ഷാപ്പില്‍ 40 രൂപയ്ക്കും 30 രൂപയ്ക്കുമെല്ലാം ലഭിക്കും.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം തമിഴ്‌നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളാക്കുറിച്ചിയിലെ കോടതിയും പൊലീസ് സ്റ്റേഷനും മതില്‍ പങ്കിടുന്നത് കരുണാപുരം കോളനിയുമായാണ്. പലകുറി അറിയിച്ചിട്ടും വ്യാജമദ്യ വില്‍പ്പനശാലയ്ക്ക് നേരെ നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്.