പത്തനംതിട്ട: പുല്ല് ചെത്താനെന്ന് പറഞ്ഞാണ് ഭര്‍ത്താവ് പോയതെന്നും കാണാതായി തിരഞ്ഞു ചെന്നപ്പോള്‍ ബോധമില്ലാതെ വെള്ളത്തില്‍ കിടക്കുന്നതാണ് താന്‍ കണ്ടതെന്നും റെജിയുടെ ഭാര്യ ഷൈനി.
പത്തനംതിട്ട തിരുവല്ല മേപ്രാലില്‍ വെച്ച് രാവിലെ പത്ത് മണിയോടെയാണ് പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്നും ഷോക്കേറ്റ് മേപ്രാല്‍ സ്വദേശി 48 വയസ്സുള്ള റെജി മരിച്ചത്. അടുത്തേക്ക് ചെന്നപ്പോള്‍ തനിക്കും ഷോക്കേറ്റു. അയല്‍പക്കത്തുള്ള യുവാവ് തന്നെ പിടിച്ച് മാറ്റി. നിലവിളിക്കാനേ തനിക്ക് കഴിഞ്ഞുള്ളൂവെന്നും ഷൈനി പറഞ്ഞു. പിന്നീട് വൈദ്യുതി ഓഫ് ചെയ്തു.
ആംബുലന്‍സ് എത്തിയാണ് ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാവിലെ ആറ് മണിയോടെയാണ് റെജി വീട്ടില്‍ നിന്നും പുല്ലു ചെത്താന്‍ പോയത്. ഷോക്കേറ്റ് കിടക്കുന്നതുകണ്ട റെജിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.