സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനവില്‍ കെഎസ്ഇബിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷപരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ്. മോഷണസംഘമായ കുറുവയോട് കെഎസ്ഇബിയെ സാമ്യപ്പെടുത്തിയാണ് പരിഹാസം. കെഎസ്ഇബി എന്നതിന്റെ മുഴുവന്‍ പേരായി കുറുവാ സംധം ഇലക്ട്രിസിറ്റി ബോര്‍ഡ് എന്ന് മാറ്റിയുള്ള പോസ്റ്ററാണ് യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പങ്കുവച്ചിരിക്കുന്നത്
ഒരു ബള്‍ബും ബള്‍ബിനുള്ളില്‍ മുഖ്യമന്ത്രിയുടെ ചിത്രവും ചേര്‍ത്ത് കുറുവാ സംഘം ഇലക്ട്രിസിറ്റി ബോര്‍ഡെന്നെഴുതിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍. കൂടാതെ വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കോണ്‍ഗ്രസ് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തിവരികയാണ്. വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ എറണാകുളം പാലാരിവട്ടത്തെ കെഎസ്ഇബി ഓഫീസിലേക്ക് ജില്ലാ കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം നടന്നു. മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. ഗേറ്റ് തള്ളി തുറക്കാന്‍ ശ്രമിച്ച സമരക്കാരെ പോലീസ് തടഞ്ഞു. കെഎസ്ഇബിയുടെ ബോര്‍ഡില്‍ കരിങ്കൊടി പുതപ്പിച്ച് സമരക്കാര്‍ പ്രതിഷേധം ആളിക്കത്തിച്ചു. കെഎസ്ഇബി ഓഫീസിനു മുന്നില്‍ ആം ആദ്മി പാര്‍ട്ടിയുടെയും പ്രതിഷേധം നടന്നു.
വൈദ്യുതിക്ക് യൂണിറ്റിന് 16 പൈസയാണ് വര്‍ധിപ്പിച്ചത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ നിരക്ക് വര്‍ധന ബാധകമാണ്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇന്നലെ മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതായാണ് ഉത്തരവില്‍ പറയുന്നത്.
യൂണിറ്റിന് 34 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനം. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വീതവും വര്‍ധിപ്പിക്കും. കെഎസ്ഇബി വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരുന്നത്.